ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തലസ്ഥാനം പിടിക്കാന്‍ ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുന്നത്. സമരാഗ്‌നി സമാപന വേദിയിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് തരൂരിന്റെ പേര് പ്രഖ്യാപിച്ചത്. (Shashi Tharoor is the UDF candidate in Thiruvananthapuram)
ശശിതരൂരിന്റെ നാലാം അങ്കമാണ്. 2009 ല്‍ സിപിഐയുടെ പി.രാമചന്ദ്രന്‍ നായരെയും, 2014 ല്‍ ബിജെപിയുടെ ഒ രാജഗോപാലിനെയും 2019 ല്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ശശിതരൂര്‍ ജയിച്ച് കയറിയത്.
ഇത്തവണ ശശിതരൂരിന് (Shashi Tharoor) കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സിപിഐയുടെ പരിചിത മുഖം പന്ന്യന്‍രവീന്ദ്രനാണ് എതിര്‍സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പിലും മൂന്നാസ്ഥാനത്തേക്ക് തളളപ്പെട്ട സിപിഐക്ക് ഈ തിരഞ്ഞടുപ്പ് അഭിമാനപ്പോരാട്ടമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ശക്തമായ ത്രികോണമത്സരമാകും ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്നത്.