തിരുവനന്തപുരം: കറുപ്പ് നിറത്തിന്റെ പേരില്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തന്റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെക്കുറിച്ച് ശാരദാ മുരളീധരന്‍ തുറന്നുപറഞ്ഞത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കറുപ്പെന്ന നിറത്തിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പില്‍ പറഞ്ഞു.
തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് ചീഫ് സെക്രട്ടറി കുറിപ്പില്‍ പറഞ്ഞു.
‘കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണ്. കറുപ്പ് അത്രയും മനോഹരമായ നിറമാണ്. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നത്. പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അത്. എന്നെ വീണ്ടും ഗര്‍ഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്’- ശാരദാ ഫേസ്ബുക്കില്‍ കുറിച്ചു
നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെയായി ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ സ്വാധീനക്കപ്പെട്ടും പോയിരുന്നു. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവള്‍ കാട്ടിത്തന്നു”