വേട്ടയാടലും ഭീഷണിയും വേണ്ട; ക്ഷമയ്ക്കും അതിരുണ്ട്;  ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത് : മന്ത്രി സജി ചെറിയാൻ

Written by Taniniram

Published on:

വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും.

മന്ത്രി സജി ചെറിയാന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ പൊതു പ്രവര്‍ത്തനം എട്ടാം ക്ലാസില്‍ തുടങ്ങിയതാണ്. 13 വയസ്. ഇന്ന് 59. പൊതുപ്രവര്‍ത്തനം തുടങ്ങി ഇപ്പോള്‍ 45 വര്‍ഷം കഴിഞ്ഞു. വലതുപക്ഷ വേട്ടയാടലുകള്‍ നേരിട്ടാണ് ഇവിടെ വരെ എത്തിയത്. പാര്‍ട്ടി ദുര്‍ബലമായ നാട്ടില്‍ 32000 വരെ ഭൂരിപക്ഷം നേടി. എന്റെ ജീവന് ഒരു പാട് പേര്‍ വില പറഞ്ഞിട്ടുണ്ട്. ഒന്നും കൂസിയിട്ടില്ല. ഒന്നിന്റെ മുന്നിലും എന്റെ ആശയം പണയം വെച്ചിട്ടില്ല. ഞാന്‍ സാധാരണ മനുഷ്യന് വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ച ആളാണ്. ഞാന്‍ പാവപ്പെട്ടവനെയും എന്റെ മുന്നില്‍ എത്തുന്നവരെയും ജാതിമത രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ സ്‌നേഹിച്ചു. ചെയ്യാവുന്നത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

ഒരാള്‍ക്കും ഈ കാലയളവില്‍ ഒരു പരാതിയും ഉയര്‍ത്താനും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങള്‍ ഇല്ലാതെ ചെയ്തു. അതിനെല്ലാം എന്റെ പാര്‍ട്ടി എനിക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട്. എന്നെ ജയിപ്പിച്ച ജനങ്ങള്‍ (ചെങ്ങന്നൂര്‍) എന്താണ് ആഗ്രഹിച്ചത് അതിന്റെ പത്തു മടങ്ങ് ആറ് വര്‍ഷം കൊണ്ട് എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി. ബാക്കി ചെയ്യാന്‍ വരും നാളുകള്‍ (16 മാസം) കൊണ്ടു കഴിയും. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരു കാര്യം ജനങ്ങളോട് ഞാന്‍ പറഞ്ഞു.

ഞാന്‍ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കും ഒരു അപമാനവും ഉണ്ടാക്കില്ല. അത് ഞാന്‍ പാലിച്ചിട്ടുണ്ട്. നിലപാടുകള്‍ എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളാം. അത് നാളെയും തുടരും. മറിച്ച് വേട്ടയാടല്‍, ഭീഷണി, ആക്ഷേപങ്ങള്‍ വേണ്ട. പതിറ്റാണ്ടുകളായി സഹിക്കുന്നു. ഞാനും ഒരു മനുഷ്യനാണ്. എനിക്കും ഒരു കുടുംബം ഉണ്ട്. ഈ നാടിന് അറിയാം ഞാന്‍ ആരാണെന്ന്. ആര്‍ക്കും പരസ്യമായി ആഡിറ്റ് ചെയ്യാം. നേരിട്ട് ചോദിക്കാം ഒരു തടസവുമില്ല.

നിങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടപ്പാക്കുമ്പോള്‍ തകര്‍ക്കാമെന്നാണ് കരുതുന്നത്. അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കളുടെ സ്വപ്നവും അസൂയയും മാത്രം. ഇവിടെ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. ക്ഷമയ്ക്കും ഒരതിരുണ്ട്. എല്ലാ തെളിവും വെറുതെ ആകില്ല.

See also  ഭാര്യയെയും മകനെയും കുത്തി പരിക്കേൽപ്പിച്ച യുവാവ്…

Related News

Related News

Leave a Comment