തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദത്തില്‍. യൂത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച് മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥനും രംഗത്തെത്തി. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു.
കെ.കെ.രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിലെ വിമര്‍ശനത്തിന് മറുപടിയുമായി ദിവ്യ എസ്.അയ്യര്‍ വീണ്ടും രംഗത്തു വന്നു. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ട. ഒന്നര വര്‍ഷമായി താന്‍ നേരിടുന്ന വിമര്‍ശനത്തിന് കാരണം ഈ പ്രകൃതമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ദിവ്യ പറഞ്ഞു. നമ്മളാരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റുമുള്ളവരില്‍ നന്മയും നമുക്ക് പഠിക്കാനുള്ള നിരവധി കാര്യങ്ങളും ഉണ്ടാകും. എത്ര വിചിത്രമായ ലോകമാണിതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഭര്‍ത്താവ് ശബരീനാഥന്‍ തന്റെ നിലപാട് വിശദീകരിച്ചത്.