മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍. മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല.
പതിനെട്ടാംപടിക്കു താഴെ ആഴി തെളിക്കുന്നതോടെ ഭക്തര്‍ പടി കയറി തുടങ്ങും. നാളെ പുലര്‍ച്ചെ മൂന്നിനു നട തുറക്കും. ഡിസംബര്‍ 26നാണ് മണ്ഡല പൂജ.
വൈകുന്നേരം സോപാനത്തു നടക്കുന്ന ചടങ്ങില്‍ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവര് അഭിഷിക്തനാക്കും. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയുടെ അഭിഷേക ചടങ്ങുകളും നടക്കും.
എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ഉച്ചപൂജയ്ക്കുശേഷം ഒന്നിന് അടയ്ക്കും. പിന്നീട് മൂന്നിന് തുറന്ന് രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനത്തിനുശേഷം നെയ്യഭിഷേകം എല്ലാ ദിവസവും ഉണ്ടാകും.
തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26നാണ്. അന്നു രാത്രി അടച്ചാല്‍ പിന്നീട് ഡിസംബര്‍ 30നു വൈകുന്നേരം മകരവിളക്ക് തീർത്ഥാടനത്തിനായാണ് നട തുറക്കുന്നത്.
ജനുവരി 11ന് എരുമേലി പേട്ടതുള്ളലും 12ന് പന്തളത്തു നിന്ന് തിരുവാഭരണഘോഷയാത്രയും 13ന് പമ്പവിളക്ക്, പമ്പസദ്യ എന്നിവ നടക്കും. 14നാണ് മകരവിളക്ക്. ജനുവരി 20നാണ് നട അടയ്ക്കുന്നത്.
മല കയറുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശാരീരികാധ്വാനം കുറവുള്ളവർ മല കയറാനെത്തുന്നതിന് ദിവസങ്ങൾക്കു മുമ്പു തന്നെ നടത്തം ശീലമാക്കണം. ചെറിയ കയറ്റങ്ങൾ നടന്നുകയറി ശീലിക്കണം. പെട്ടെന്നൊരു ദിവസം മല കയറുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണിത്. നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്. മുൻകാലങ്ങളിൽ 41 ദിവസം വ്രതമെടുത്തും, ചെരിപ്പിടാതെ നടന്ന് ശീലിച്ചുമായിരുന്നു ആളുകൾ മലയ്ക്ക് പോയിരുന്നത് എന്നോർക്കുക.
- സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്. ഇത് മല കയറുന്ന സമയത്ത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
- നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
- സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
- മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
- 04735 203232 എന്ന നമ്പറില്‍ അടിയന്തിര സഹായത്തിനായി വിളിക്കാവുന്നതാണ്
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
- പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
- പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
- മലമൂത്രവിസര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
- മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക
- പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്