കോഴിക്കോട് (Calicut) : കാറിന് മുൻപിൽ ചാടി വീണ ആ വിദ്യാർത്ഥികൾ ദേശീയ പതാക വലിച്ചു കീറി. എ.ബി.വി.പി പ്രവർത്തകരെ അയച്ചത് രാജ്ഭവൻ നിയന്ത്രിക്കുന്ന ആർ.എസ്.എസ് ആണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. (The students who jumped in front of the car tore the national flag. Minister V. Sivankutty said that the ABVP workers were sent by the RSS, which controls the Raj Bhavan.) എ.ബി.വി.പി പ്രവർത്തകർ തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നതും കാറിന്റെ മുമ്പിൽ ചാടി വീഴുന്നതുമൊക്കെ രാജ്ഭവനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും മന്ത്രി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എ.ബി.വി.പി. പ്രവർത്തകർ കാർ നിർത്തിയപ്പോൾ കാറിന്റെ മുമ്പിലുള്ള ദേശീയ പതാക വലിച്ചു കീറി. ദേശീയ പതാകയുടെ ഉള്ള അവരുടെ ബഹുമാനം എത്രത്തോളമാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പരിപാടിയിൽ കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നിൽ ഗവർണർ പുഷ്പാർച്ചന നടത്തിയപ്പോൾ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് നിലപാട് വ്യക്തമാക്കി താൻ ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ്.
സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ഒരു മതേതര സംഘടനയാണ്. മതം, ജാതി, മതപരമായ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാത്ത പ്രസ്ഥാനമാണ്. ഇതിന്റെ ഭരണഘടനയും പ്രവർത്തനമാർഗ നിർദ്ദേശങ്ങളും മതേതരത്വത്തെ ആധാരമാക്കുന്നു. വിദ്യാലയങ്ങളിലൂടെയാണ് പ്രധാനമായും സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം നടപ്പിലാക്കുന്നത്. അതിന്റെ മേൽനോട്ടം വിദ്യാഭ്യാസ വകുപ്പിനാണ്.
ഗവർണർ ഈ പ്രസ്ഥാനത്തിൽ പേട്രൺ എന്ന പദവിയിലാണ് പ്രവർത്തിക്കുന്നത്. സ്കൗട്ട് ആന്റ് ഗൈഡ്സ് റൂൾ പ്രകാരം പേട്രൺ സ്ഥാനത്ത് ഗവർണർ നിർബന്ധമില്ല എന്നും ജനങ്ങൾ മനസ്സിലാക്കണം . അതായത് ഔദ്യോഗിക നിയന്ത്രണവും ആശയമാറ്റവും ആശയ പ്രചാരണവുമൊന്നും നടത്താൻ ഗവർണർ ചുമതലപ്പെടുത്തിയിട്ടില്ല.ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള നയപരമായ തീരുമാനങ്ങൾ സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കേണ്ടത്.
വിദ്യാർത്ഥികൾക്കുള്ള പ്രസ്താവനകളിലും പ്രവർത്തനങ്ങളിലും മതേതരത്വം ഒരു പ്രധാന മൂല്യമാണ്. ഭാരതാംബ പോലുള്ള മിഥ്യാത്മക പ്രതീകങ്ങൾ വിദ്യാഭ്യാസവുമായി.ബന്ധപ്പെട്ട ചടങ്ങുകളിൽ ഉപയോഗിക്കുന്നത് മതേതരത്വത്തെയും ആധുനിക വിദ്യാഭ്യാസ മൂല്യങ്ങളെയും ചോദ്യംചെയ്യുന്നു.ഈ പശ്ചാത്തലത്തിലാണ് താൻ നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നത്.അത് വ്യക്തിപരമായിരുന്നില്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളോട് ആദരവ് പുലർത്തിയായിരുന്നു.
കേരളം മതേതര -ജനാധിപത്യ ആശയങ്ങളെ പിന്തുടരുന്ന സംസ്ഥാനമാണ്. സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പോലെ ബാല്യകാല വിദ്യാഭ്യാസ രംഗത്തെ സ്വതന്ത്ര പ്രസ്ഥാനങ്ങൾ കൃത്യമായ രീതിയിൽ മതേതരത്വം പാലിച്ചാണ്പ്രവർത്തിക്കുന്നത്. അതിനാൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഭരണഘടനാപരമായ ജാഗ്രതയും പൊതുസാംസ്‌കാരിക ഉത്തരവാദിത്വവുമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി .