തിരുവനന്തപുരം (Thiruvananthapuram) : സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ. സെക്രട്ടേറിയറ്റിൽ ഓണാഘോഷ പരിപാടികൾ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷൻ്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവിൽ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും. കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യു റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകള്‍,വായ്പാ കുടിശികകള്‍ എന്നിവയിലാണ് എല്ലാതരത്തിലുമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നാഷണലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. റവന്യു വകുപ്പ് ജോയിന്‍റ് സെക്രട്ടറി കെ സ്നേഹലതയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്‍റെ പകര്‍പ്പ് സംസ്ഥാന ബാങ്കേഴ്സ് സമിതിക്കും ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്.
ജൂലൈ 26നാണ് കേരള റവന്യു റിക്കവറി ഭേദഗതി നിയമം നിലവില്‍ വന്നത്. ജപ്തി നടപടികള്‍ നീട്ടിവെയ്ക്കുന്നതിനും മൊറട്ടോറിയം അനുവദിക്കുന്നതിനും തവണ അനുവദിക്കുന്നതിനും 2024ലെ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.