തൃശൂര്‍ (Thrissur) : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. (BA Balu, a native of Aryanad, who faced caste discrimination at the Irinjalakuda Koodalamanikyam temple, has resigned.) ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.
ആരോഗ്യപരമായ കാരണത്താലും വ്യക്തിപരമായ കാരണത്താലും രാജി വെയ്ക്കുന്നതായി കാണിച്ച് ബാലു ഇന്നലെ കത്ത് നൽകിയെന്ന് ദേവസ്വം ചെയര്‍മാൻ അഡ്വ. സികെ ഗോപി പറഞ്ഞു.ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനെയും അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.