ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെയുളള മോശം പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ചാനല്‍. സിപിഎം നേതാവ് പി.കെ.ശ്രീമതിയോട് കോടതിയില്‍ വച്ച് ഖേദം പ്രകടനം നടത്തുന്ന വാര്‍ത്ത തത്സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ കൊടുത്ത ക്യാപ്ഷനും ഹാഷ് ടാഗുമാണ് വിവാദത്തിലായത്.
ഒട്ടകം ഗോപാലന്‍ മാധ്യമങ്ങളോട് എന്നാണ് വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്. ഒപ്പം ഒട്ടകം ഗോപാലന്‍ എന്ന ഹാഷ് ടാഗും. സംഭവം ബിജെപി അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ ചര്‍ച്ചയായതോടെ ഡിജിറ്റല്‍ ഹെഡ് ഉണ്ണീ ബാലകൃഷ്ണന്‍ ബി.ഗോപാലകൃഷ്ണനെ നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞു.ഒപ്പം ചാനലിലും സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും മാപ്പ് പറഞ്ഞുകൊണ്ടുളള കാര്‍ഡും പ്രസിദ്ധീകരിച്ചു.
എന്നാല്‍ ശക്തമായ നടപടികളോടെ മുന്നോട്ട് പോകാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരിക്കാനും നിയമനടപടികളുമായി മുന്നോട്ടുപോകുവാനുമാണ് നേതാക്കള്‍ തീരുമാനിച്ചു. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിലെ സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുളള സുജയപാര്‍വതിയും, കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറും ബിജെപി നേതാക്കളുമായും അഡ്വ.ബി.ഗോപാലകൃഷ്ണനോടും സംസാരിച്ച് തടിയൂരുകയുമായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് പോക്സോ കേസ് എടുത്തതും വന്‍വിവാദമായിരുന്നു.