കോഴിക്കോട് (Calicut) : പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. (Renowned historian Dr. MGS Narayanan passed away. He passed away at his residence in Malaparamba, Kozhikode. He was 92 years old.) ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്.
ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം.കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.
1932 ആഗസ്ത് 20ന് പൊന്നാനിയിൽ ജനനം. പരപ്പനങ്ങാടിയിലും പൊന്നാനിയിലും കോഴിക്കോട്ടും തൃശൂരുമായി ആദ്യകാല വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് 1953ൽ ഒന്നാം റാങ്കോടെ എം എ പാസായി. 1954 മുതൽ 64വരെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രാധ്യാപകനായിരുന്നു. പൗരാണിക ലിപികളായ ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി. ക്ലാസിക്കൽ സംസ്കൃതത്തിലും പൗരാണിക തെക്കേ ഇന്ത്യൻ ലിപികളിലും അവഗാഹം നേടി. കേരളത്തിന്റെ ചരിത്രവിജ്ഞാനത്തിന്റെ ആധികാരിക നിഘണ്ടുവായിരുന്നു ആറുപതിറ്റാണ്ടുകാലം എം ജി എസ് എന്ന ത്രയാക്ഷരി. കേരള ചരിത്രത്തിലെ പെരുമാൾ കാലഘട്ടത്തിലെ രാഷ്‌ട്രീയ സാമൂഹികാവസ്ഥകളെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധത്തിനു 1973ൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
കേരള സർവകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിൽ ചരിത്രാധ്യാപകനായും കാലിക്കറ്റ് സർവകലാശാലാ ബിരുദാനന്തര പഠനകേന്ദ്രത്തിൽ അധ്യാപകനായും പ്രവർത്തിച്ചു. 1968ൽ കാലിക്കറ്റ് സർവകലാശാലയുടെ തുടക്കം മുതൽ ചരിത്ര വിഭാഗം അധ്യാപകനായി. പിന്നീട് വകുപ്പു തലവനായും പ്രവർത്തിച്ചു. 1990 മുതൽ 92വരെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറിയായിരുന്നു. കാൽനൂറ്റാണ്ടോളം ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്‌റ്ററി, ഇന്ത്യൻ ഹിസ്‌റ്റോറിക്കൽ റിവ്യു എന്നിവയുടെ പത്രാധിപസമിതി അംഗമായി. എൻസിഇആർടി പാഠപുസ്‌തക സമിതി, യുജിസി ഹിസ്‌റ്ററി ആൻഡ് ആർക്കിയോളജി പാനൽ, യുപിഎസ്‌സി പരിശോധനാ സമിതി എന്നിവയിൽ അംഗം.
ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, സാഹിത്യാപരാധങ്ങൾ, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, സെക്കുലർ ജാതിയും സെക്കുലർ മതവും, കേരളത്തിന്റെ സമകാലിക വ്യഥകൾ എന്നിവയാണ് പ്രധാന മലയാള ഗ്രന്ഥങ്ങൾ. പെരുമാൾസ് ഓഫ് കേരള, ഹിസ്‌റ്റോറിക്കൽ സ്‌റ്റഡീസ് ഇൻ കേരള, കേരള ത്രൂ ദി ഏജസ്, ഫൗണ്ടേഷൻ ഓഫ് സൗത്ത് ഇന്ത്യൻ സൊസൈറ്റി ആൻഡ് കൾച്ചർ, കാലിക്കറ്റ്: ദി സിറ്റി ഓഫ് ട്രൂത്ത് എന്നീ ചരിത്രഗ്രന്ഥങ്ങളും രചിച്ചു. കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാർ, കർഷക കലാപങ്ങൾ, സാമുദായിക ബന്ധങ്ങൾ, മലബാറിന്റെ പൗരാണിക‐ മധ്യകാല ചരിത്രം എന്നിവ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പുസ്‌തകങ്ങളും തയ്യറാക്കി.