കൊച്ചി (Kochi) : സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് മെയ് മാസം കടന്നുപോകുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ആഭ്യന്തര വിപണിയിലും വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് സംസ്ഥാനത്തെ ചെറുകിട വിപണിയായിരുന്നു. വിവാഹ സീസണ്‍ ആയിട്ട് പോലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ലെന്ന് പല വ്യാപാരികളും പറയുന്നു.
മാസത്തിന്റെ അവസാന ദിനമായ ഇന്ന് സ്വർണ വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല. ഇന്നലത്തെ നിരക്കില്‍ തന്നെയാണ് ഇന്നും കച്ചവടം തുടരുന്നത്. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതോടെ വില ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമായി ഇടിഞ്ഞു. ഈ നിരക്കിലാണ് ഇന്നും വില്‍പ്പന തുടരുന്നത്. തുടർച്ചയായി മൂന്ന് ദിവസം വില ഉയർന്നതിന് ശേഷമായിരുന്നു ഇന്നലെ പവന് 320 രൂപ കുറഞ്ഞത്. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 98 രൂപയായി.
ഒരു പവന്‍ സ്വർണത്തിന് 800 രൂപയുടെ കുറവോടെ 52440 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. ഈ നിരക്കില്‍ നിന്നും പലതവണയായി വർധിച്ചാണ് ഇരുപതാം തിയതി മാസത്തിലെ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തുന്നത്. പവന് 55120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസം മാത്രമാണ് 55000 ത്തിന് മുകളില്‍ സ്വർണ വില തുടർന്നത്. പിന്നീട് വലി പതിയെ താഴേക്ക് ഇറങ്ങുകയായിരുന്നു. മെയ് 25 ന് 53120 രൂപയിലേക്ക് എത്തിയെങ്കിലും 27, 28, 29 തിയതികളിലായി 560 രൂപയുടെ വർധനവ് ഉണ്ടായതോടെ വില 53680 ലേക്ക് എത്തി. ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം 360 രൂപ കുറഞ്ഞ് 53360 എന്നതില്‍ എത്തി നില്‍ക്കുന്നത്.
മാസത്തിലെ ഏറ്റവും ഉയർന്ന വിലയും ഇന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുടേയും കുറവുണ്ട്. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ 57800 രൂപയെങ്കിലും നല്‍കേണ്ടി വരും. കുറഞ്ഞത് 5 ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജി എസ് ടി, ഹോള്‍മാർക്ക് ഫീസ് തുടങ്ങിയവ ചേർത്താണ് ആഭരണത്തിന്റെ വില ഈടാക്കുന്നത്.