തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. (Heat wave warning has been withdrawn in the state. A high temperature warning will continue. The temperature may rise up to 38°C in Kasaragod and Kannur districts and 37°C in Malappuram, Thrissur, Palakkad, Kottayam and Kollam districts.) കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.