റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഗഞ്ചാവ് കേസില്‍ എഫ്.ഐ.ആര്‍ പുറത്ത് . റാപ്പര്‍ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. തീന്‍ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ആണ്വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. വേടന്റെഫ്‌ലാറ്റിലെ ഹാള്‍ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയില്‍ നിറച്ചും കഞ്ചാവ് വലിച്ചു.ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖില്‍ നിന്നാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.വേടന് പുറമെആറന്മുള സ്വദേശി വിനായക് മോഹന്‍,തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരന്‍ വിഗനേഷ് ജി.പിള്ള,പെരിന്തല്‍മണ്ണ സ്വദേശി ജാഫര്‍,തൃശൂര്‍ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്‌കര്‍,നോര്‍ത്ത് പറവൂര്‍ സ്വദേശി വിഷ്ണു കെ.വി,കോട്ടയം മീനടം സ്വദേശി വിമല്‍ സി.റോയ്,മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ലാറ്റില്‍ നിന്ന്6 ഗ്രാം കഞ്ചാവും9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
അതേസമയം, കഞ്ചാവ് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യം കിട്ടിയ റാപ്പര്‍ വേടന്‍ നിലവില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. വേടന്റെ മാലയില്‍ പുലിപല്ലുകൊണ്ടുള്ള ലോക്കറ്റ് കണ്ടെടുത്തതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. തനിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരാധകന്‍ തന്നതാണെന്നാണ് വേടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഈ കാര്യങ്ങള്‍ വനം വകുപ്പ് വിശദമായി അന്വേഷിക്കും. ആരാധകന് ഇത് എവിടെ നിന്ന് ലഭിച്ചുവെന്നും മൃഗവേട്ട അടക്കം നടന്നിട്ടുണ്ടോ എന്നുമാണ് പരിശോധിക്കുക. ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കോടനാട്ടെ റേഞ്ച് ഓഫീസില്‍ എത്തിച്ച വേടനെ ഇന്ന് 12 മണിക്ക് മുമ്പ് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.