മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാൻ. ലിച്ചി, ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാൻ്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്‌ച്ച് തുടങ്ങുന്നത്. ‘പഴങ്ങളിലെ രാജകുമാരി’ എന്നും ‘ദേവതകളുടെ ഭക്ഷണം’ എന്നും വിശേഷിക്കപ്പെടുന്ന റംബുട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്.
സീസൺ ആകുന്നതോടുകൂടി നിരത്തിൽ എങ്ങും നിറയുന്ന ചുവന്ന പഴങ്ങൾ. റമ്പൂട്ടാൻ അല്ലെങ്കിൽ റമ്പുട്ടാൻ എന്ന പഴം മലയാളിയുടെ ഇഷ്ടം നേടിയിട്ട് നാളുകൾ ഏറെയായി. ഇടയ്ക്ക് കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്തതോടെ റംബൂട്ടാൻ്റെ പ്രചാരമൊന്ന് ഇടിഞ്ഞെങ്കിലും ഇപ്പോൾ നിരത്തുകളിലെ വില്പന കേന്ദ്രങ്ങളിൽ റമ്പുട്ടാൻ ആണ് താരം.
ഒരു കിലോയ്ക്ക് 220 ലും അധികമാണ് വില. വഴിയോരക്കച്ചവടക്കാരാണ് വിൽപ്പനക്കാരിൽ ഏറെയും. റോഡ് സൈഡുകളിൽ ഇത്തരത്തിൽ വിൽക്കുന്ന റംബൂട്ടാൻ വളരെ വേഗത്തിലാണ് തീർന്നു പോകുന്നത്. ഇടയ്ക്ക് കച്ചവടം ഒന്ന് മോശപ്പെട്ടങ്കിലും വീണ്ടും വിപണിയിലേക്ക് തിരിച്ചു വന്നതിൻ്റെ സന്തോഷവും വില്പനക്കാർക്ക് ഉണ്ട്.
വീടുകളിൽ നിന്നും മറ്റു കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന റമ്പൂട്ടാനാണ് ഇങ്ങനെ വഴിയോര കച്ചവടക്കാരിലൂടെ വിറ്റു പോകുന്നത്. മധുരമൊക്കെ നോക്കി വാങ്ങിയാൽ മതിയെന്ന് മാത്രം.