തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രതിപക്ഷ മുഖമായിരുന്ന ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്റെ പിന്‍ഗാമിയായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന്റെ ഗവര്‍ണറാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ അതേ ശൈലിയായിരുക്കമോ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നിലപാടുകള്‍ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിന്റെ 23-ാമത് ഗവര്‍ണറാണ്. മുമ്പ് ബീഹാറിന്റെ 29-ാമത് ഗവര്‍ണറായും ഹിമാചല്‍ പ്രദേശിന്റെ 21-ാമത് ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായും ഗോവ നിയമസഭയുടെ മുന്‍ സ്പീക്കറായും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടക്ക കാലം മുതല്‍ തന്നെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. 1989-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം 1980 മുതല്‍ ഗോവ ബിജെപിയില്‍ സജീവ സാന്നിധ്യമായിരുന്നു.
വര്‍ഷങ്ങളായി ബിജെപിയുടെ ഗോവ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറി, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗോവ സംസ്ഥാന പട്ടികജാതി, പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി ചുമതലകള്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപിയുടെ സൗത്ത് ഗോവ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി മനോഹര്‍ പരീക്കര്‍ മാറിയപ്പോള്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരില്‍ അര്‍ലേക്കറും ഉണ്ടായിരുന്നു. എന്നാല്‍, ലക്ഷ്മികാന്ത് പര്‍സേക്കറിനെയാണ് ബിജെപി തെരഞ്ഞെടുത്തത്.
ഗോവ നിയമസഭ കടലാസ് രഹിതമാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് അര്‍ലേക്കറായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന നിയമസഭയായി ഗോവ മാറിയിരുന്നു. 2015ല്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പരിസ്ഥിതി, വനം മന്ത്രിയായി അദ്ദേഹം നിയമിതനായി. 2021 ജൂലൈ 6-ന്, ബന്ദാരു ദത്താത്രേയയുടെ പിന്‍ഗാമിയായി അര്‍ലേക്കര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ടു.