തിരുവനന്തപുരം; മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ് വിവരം. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.