മലപ്പുറം (Malappuram) : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. (Police raid the house of Sukant, an accused in the case regarding the death of an IB officer at Thiruvananthapuram airport.) ഞായറാഴ്ച രാത്രി തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്. വീട്ടിൽനിന്ന് തെളിവുകൾ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽനിന്ന് സുകാന്തിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.
ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നല്‍കിയിരുന്നു.
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകള്‍ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകള്‍ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.
മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്തതായും പരിക്കേല്‍പ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവില്‍പോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.