തിരുവനന്തപുരം: എസ്എസ്എല്‍സി പ്‌ളസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യുട്യൂബില്‍ വന്ന സംഭവത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം അതീവ ഗൗരവമായി കാണുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
‘ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോര്‍ച്ചയുണ്ടാകില്ല. ചില വിഷയങ്ങളാണ് കൂടുതലും പുറത്തുപോകുന്നത്. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ച് വിഷയം പരിശോധിക്കും. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നല്ല ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കുന്നവര്‍ പ്രതിബദ്ധതയോടുകൂടിയും ഉത്തരവാദിത്തത്തോടുകൂടിയും മാതൃകാപരമായും പ്രവര്‍ത്തിക്കേണ്ടവരാണ്. എന്നാല്‍ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ടുകൊണ്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ല. പല നിലയിലെ അന്വേഷണമാണ് ആലോചിക്കുന്നത്.പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണ് നടക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന യുട്യൂബുകാര്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും താത്കാലിക ലാഭം ലഭിക്കും. ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നേരാംവണ്ണം പോകുന്നസംവിധാനത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ട്യൂഷനെടുക്കുന്ന അദ്ധ്യാപകരുടെ വിവരം ശേഖരിക്കും’- മന്ത്രി വ്യക്തമാക്കി.