നിലമ്പൂര്‍: നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. കൈയില്‍ പണം ഇല്ലാത്തതിനാലാണ് മത്സരിക്കാത്തത് സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും താന്‍ ഇല്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഡിഎഫില്‍ പ്രവേശനം നല്‍കിയില്ലെങ്കില്‍ തന്റെ പാര്‍ട്ടി നിലമ്പൂര്‍ മത്സരിക്കുമെന്നായിരുന്നു നിലപാടാണ് അന്‍വര്‍ മാറ്റിയത്.
യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താന്‍ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാന്‍ പോകുകയാണെന്നും അന്‍വര്‍ അറിയിച്ചു.
ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി പിണറായിസത്തിനും സര്‍ക്കാരിനുമെതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍നിന്ന് പിന്‍വാങ്ങുന്നില്ല. ശത്രുവിന്റെ മിത്രമാണ് ഇപ്പുറത്തുമുള്ളത് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കൊള്ളും. അധികപ്രസംഗിയായി തന്നെ തുടരും. യുഡിഎഫിന് അകത്ത് വന്നാലും അന്‍വര്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കും. ചില ആളുകള്‍ക്ക് പല ഏര്‍പ്പാടും ഉണ്ടാകും. അവര്‍ക്ക് ഞാന്‍ തടസ്സമാകും. അതിനാല്‍ അവര്‍ക്ക് എന്നെ അവസാനിപ്പിക്കണം’ അന്‍വര്‍ പറഞ്ഞു.