മലപ്പുറം (Malappuram): പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) ആണ് തിരൂരിലെ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ച് അറസ്റ്റിലായത്. അമ്പലത്തിലെ പൂജാരിയാണ് ഇയാൾ. തിരുനാവായ മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിലെ അഞ്ചു പവന്‍റെ തിരുവാഭരണമാണ് ഇയാൾ കവർന്നത്. തിരുവാഭരണം എടുത്ത ശേഷം മുക്കുപണ്ടം കൊണ്ട് നിർമ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തിൽ വച്ചായിരുന്നു മോഷണം. കഴിഞ്ഞ വർഷം ജോലിക്ക് വന്ന ഇയാൾ ആഭരണം കൈക്കലാക്കി അതേ മാതൃകയിൽ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു.
പിന്നീട് ജോലി മതിയാക്കി പോവുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. തിരുവാഭരണം വിറ്റതായി പ്രതി മൊഴി നൽകി. തിരൂർ ഇൻസ്പെക്ടർ എം കെ രമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഷിജോ സി തങ്കച്ചൻ, പ്രതീഷ് കുമാർ സിപിഒ മാരായ അരുൺ, സതീഷ് കുമാർ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.