PSC പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരന്മാരായ അഖില്‍ജിത്തും അമല്‍ജിത്തും ഗത്യന്തരമില്ലാതെ തിരുവനന്തപുരം അഡി.സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു. ചേട്ടനായ അമല്‍ജിത്തിന് വേണ്ടി അനിയന്‍ അഖില്‍ജിത്ത് സാഹസത്തിന് മുതിര്‍ന്നത്.
പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് പരീക്ഷയിലാണ് സഹോദരങ്ങള്‍ തട്ടിപ്പിന് ആസൂത്രണം ചെയ്ത് പരാജയപ്പെട്ടത്.
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബയോമെട്രിക് പരീക്ഷ
സാധാരണയായ ക്ലാസില്‍ ഇന്‍വിജിലേറ്റര്‍ ഹാള്‍ടിക്കറ്റ് പരിശോധിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു പതിവ്. ഹാള്‍ടിക്കറ്റില്‍ ഫോട്ടോയുണ്ടെങ്കിലും പലരും ഫോട്ടോ ഗൗരവമായി പരിശോധിക്കാറില്ല. ഇത് മുതലെടുത്ത് ആള്‍മാറാട്ടം നത്താണ് അമല്‍ജിത്തും അഖില്‍ജിത്തും ശ്രമിച്ചത്. എന്നാല്‍ പിഎസ്സ്‌സി പരീക്ഷാടിസ്ഥാനത്തില്‍ ബയോമെട്രിക് പരിശോധന ആരംഭിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിക്കപ്പെട്ട പ്രൊഫൈലനുസരിച്ച് വിരലടയാളം പരിശോധിക്കും. പരീക്ഷാഹാളില്‍ ബയോമെട്രിക് പരിശോധന സംഘം എത്തിയതാണ് പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഉദ്യോഗസ്ഥര്‍ ഹാളിലെത്തിയതും അപകടം മണത്ത അഖില്‍ജിത്ത് പെട്ടെന്ന് ഹാളില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല. പിന്നീട് പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിരുന്നു. പോലീസ് അന്വേഷണത്തിന് പിന്നാലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.