കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കല്‍പ്പറ്റയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പതിനേഴാം വയസിലാണ് പിതാവിന് വേണ്ടി താന്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. പിന്നീട് മാതാവിനും സഹോദരനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഇതാദ്യമായി തനിക്ക് വേണ്ടി വോട്ട് തേടുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
ഈ അവസരം എനിക്ക് കിട്ടിയ ആദരമാണ്. നിങ്ങളുടെ പല പ്രശ്നങ്ങളും എന്റെ സഹോദരനോട് പറഞ്ഞിട്ടുണ്ടാകും. നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളുടെ പ്രശ്നത്തിലെല്ലാം താനുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ അനുസ്മരിച്ച പ്രിയങ്ക ഗാന്ധി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും പറഞ്ഞു. ദുരന്തത്തെ നേരിട്ട വയനാട്ടുകാരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങള്‍ നല്‍കിയത്. ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് രാജ്യം മുഴുവന്‍ നടക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നിരുന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഞാന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്.വയനാട്ടുക്കാരുടെ ധൈര്യം എന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.