കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തിലേക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രകാശ് ജാവേദ്കര്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിച്ച മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ചിരിച്ച് കൊണ്ട സൗഹൃദസംഭാഷണം നടത്തിയത് ശ്രദ്ധേയമായി.
പ്രധാനമന്ത്രിയുടെ റോഡ് ഷോ
വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് അദ്ദേഹം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിയത്. ഉച്ചമുതല്‍ പ്രധാനമന്ത്രിയുടെ വരവിനായി കാത്ത് നില്‍ക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കിടയിലൂടെ കൈവീശി റോഡ് ഷോയിലൂടെ പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിലെത്തുന്നത്. റോഡ് ഷോയ്ക്ക് വന്‍ജനപങ്കാളിത്തമാണ് ലഭിച്ചത്. 7.30 ഓടെ് റോഡ് ഷോ ആരംഭിച്ചത്.
ഇന്ന് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെയോടെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി തിരിക്കും. പിന്നീട് കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും.
കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 16-ന് ഉച്ചയ്ക്ക് രണ്ടുമണി മുതലും 17-ന് വെളുപ്പിന് മുന്നുമണി മുതല്‍ ഉച്ചവരെയുമായിരിക്കും ഗതാഗത നിയന്ത്രണം.
ഹൈക്കോര്‍ട്ട് ജങ്ഷന്‍, എം.ജി. റോഡ് രാജാജി ജങ്ഷന്‍, കലൂര്‍ ജങ്ഷന്‍, കടവന്ത്ര ജങ്ഷന്‍, തേവര-മട്ടമ്മല്‍ ജങ്ഷന്‍, തേവര ഫെറി, ബി.ഒ.ടി. ഈസ്റ്റ്, സിഫ്റ്റ് ജങ്ഷന്‍ എന്നീ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. സിറ്റിയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.