ചെറുവത്തൂർ (Cheruvathoor) : ചെമ്മീൻവില കുത്തനെ ഇടിഞ്ഞതിനാൽ ചാകരയുടെ ഗുണം തൊഴിലാളികൾക്കും കച്ചവടക്കാർക്കും കിട്ടിയില്ല. കിലോയ്ക്ക് 220 മുതൽ 280 രൂപവരെ കിട്ടിയിരുന്ന പൂവാലി ചെമ്മീന് വില നേർ പകുതിയായി. കൊച്ചിയിലെ മത്സ്യസംഭരണ കേന്ദ്രങ്ങളിലെത്തിച്ചാൽ ഈ തുകയും തത്സമയം കിട്ടുന്നില്ല. മീൻ കയറ്റി അയച്ചശേഷം വില തരാമെന്ന നിലപാടാണിപ്പോൾ.
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലെത്തിച്ച ചെമ്മീന് കിലോയ്ക്ക് 90 മുതൽ 120 രൂപവരെയാണ് വിലയിട്ടതെന്ന് ഫിഷ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ ഇടയാക്കിയത്. പ്രതിസന്ധി മറികടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.