തിരുവനന്തപുരം: സസ്പെന്‍ഷന് പിന്നാലെ പ്രതികരണവുമായി കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ടെലിവിഷന്‍ ചാനലുകളില്‍. തന്നെ എതിര്‍ക്കുന്ന മാതൃഭൂമി ടെലിവിഷനിലും പ്രശാന്ത് പരസ്യ പ്രതികരണം നടത്തി.ഇത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ കാണുന്നത്. വ്യാജമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് വിശ്വാസമെന്ന് പറഞ്ഞ അദ്ദേഹം, വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിമര്‍ശിച്ചാല്‍ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് ഉന്നതിയിലെ ഫയലുകള്‍ മന്ത്രി ഓഫീസില്‍ എത്തിയെന്ന സ്ഥിരീകരണം സര്‍ക്കാര്‍ ഭാഗത്തു നിന്നും വന്നത്. ഉന്നതിയുമായി ബന്ധപ്പെട്ട മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് പ്രശാന്ത് ജയതിലകിനെതിരെ പൊട്ടിത്തെറിച്ചത്. പ്രതികരണം കരുതലോടെ വേണമെന്ന പലരുടേയും നിര്‍ദ്ദേശം പോലും പ്രശാന്ത് അവഗണിച്ചെന്ന സൂചന സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്.
ഇന്നലെ സസ്‌പെന്‍ഷനിലായ ഐഎഎസ് ഓഫീസര്‍മാരായ കെ.ഗോപാലകൃഷ്ണനും എന്‍.പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ തുടങ്ങും. രണ്ടുപേരുടെയും ചെയ്തികള്‍ അഡ്മിനിസ്‌ടേറ്റീവ് സര്‍വീസിനെ പൊതു മധ്യത്തില്‍ നാണം കെടുത്തി എന്നാണ് സര്‍ക്കാര്‍ നിലപാട്.
കെ.ഗോപാലകൃഷ്ണനെതിരെയുള്ള നടപടി മയപ്പെടുത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ചീഫ് സെക്രട്ടറി കടുത്ത നിലപാടാണ് തുടര്‍ന്നത്. കാരണം കാണിക്കല്‍ നോട്ടീസില്ലാതെ സസ്‌പെന്‍ഷന്‍ നല്‍കിയതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനാണ് പ്രശാന്തിന്റെ നീക്കം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചുമെന്നും ഉത്തരവില്‍ പറയുന്നു.
മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച് പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പ്രശാന്തിനെതിരേ നടപടി വന്നത്.