തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെതിരെ പോക്‌സോ കേസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. അരുണിനെതിരെ പോക്‌സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചാനലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായി ഉയര്‍ന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
കേസെടുത്തതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വിമര്‍ശനവുമായി പി പി ദിവ്യ രംഗത്തെത്തി.
ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
റിപ്പോര്‍ട്ടര്‍ ചാനലിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കേസ് എടുത്തിരിക്കുന്നു… ബ്രേക്കിങ് ഒന്നും കണ്ടില്ല..സ്‌കൂള്‍ കലോത്സവത്തിന് എത്തിച്ചേര്‍ന്ന പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ളശ്രമം എന്ത് മാധ്യമ ധര്‍മ്മമാണ്..
തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ആണ് കേസ് രെജിസ്റ്റര്‍ ചെയ്തത്…. അപ്പൊ പിന്നെ ഇനി എങ്ങനെയാ….. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ എന്തെ മാറി നില്കുന്നതല്ലേ അതിന്റെ ധാര്‍മികത. അല്ല ധാര്‍മികത കമ്മ്യൂണിസ്റ്റ്കാര്‍ക് മാത്രമേ വേണ്ടതുള്ളു എന്നാണോ…. സ്റ്റേഷനില്‍ പോകുമ്പോഴും വരുമ്പോഴും ലൈവ് ഇടാന്‍ മറക്കരുത്…ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പടിയാക്കി തല്ലികൊല്ലുന്ന ഗീബല്‍സ്യന്‍ കോട്ടിട്ട അഭിനവ ചാനല്‍ ജഡ്ജിമാരുടെ അവതരണ റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു.
അപാരമായ കഴിവുള്ള അവതാരക സിംഹങ്ങള്‍ കുറെ അവിടെ ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്കു പോവണം എന്നത് ശെരി. എന്നാല്‍ കുറ്റവും ശിക്ഷയും വിധിക്കുന്നത് ചില ചാനല്‍ ജഡ്ജിമാര്‍… ഒരു മൈക്കും, ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞു… ഇവിടെ കോടതിയുണ്ട്, നിയമമുണ്ട്….അവര്‍ തീരുമാനിക്കും ശെരിയും തെറ്റും…