അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ് ഷെഡിങ്ങും; മുന്നറിയിപ്പുമായി കെഎസ്ഇബി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) :സംസ്ഥാന സർക്കാർ വൈദ്യുതി വാങ്ങാനായി അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. ഉത്തരേന്ത്യൻ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്ഷെഡിങ്ങ് ഏർപ്പെടുത്തേണ്ടി വന്നിരുന്നു. സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവർധന ഉൾപ്പെടെയുള്ള ഭാരം ജനങ്ങൾ ചുമക്കേണ്ടി വരും.

വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണ് വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500–15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ.

അതേസമയം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി നല്‍കിയിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട് കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അടുത്ത മാസം പൊതുജനാഭിപ്രായം തേടും. 2024-25 മുതല്‍ 2026-27 വരെ മൂന്നു വര്‍ഷത്തേക്കുള്ള നിരക്കു വര്‍ധന നടപ്പാക്കാനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രത്യേക വേനല്‍ നിരക്കും പീക് ടൈം നിരക്കും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനുള്ള ആദ്യ പബ്ലിക് ഹിയറിങ് സെപ്റ്റംബര്‍ 3ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കും.

പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലും എറണാകുളം കോർപറേഷന്‍ ടൗണ്‍ ഹാളിലുമാണ് സെപ്റ്റംബര്‍ 4,5 തീയതികളില്‍ യഥാക്രമം രണ്ടും മൂന്നും യോഗങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം കോണ്‍ഫറന്‍സ് ഹാളിലാണ് അവസാനയോഗം. 2024-25ല്‍ വൈദ്യുതി നിരക്കില്‍ 30 പൈസയുടെ വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

See also  പീരുമേട് നിയമസഭാ കേസില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമന് വിജയം ; സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Related News

Related News

Leave a Comment