കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിലാണ് കേസെടുത്തിരിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ട് വരിയായാണ് ആനകളെ നിര്‍ത്തിയതെങ്കിലും മൂന്ന് മീറ്റര്‍ അകലം പാലിച്ചില്ലെന്നും ആളുകളും ആനയുമായുള്ള എട്ട് മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റര്‍ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.
നാട്ടാനകളുടെ പരിപാലനചുമതല നല്‍കിയിരിക്കുന്നത് വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. അതേസമയം, രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേര്‍ത്തുനിര്‍ത്തേണ്ടിവന്നതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. ആന എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മാനദണ്ഡങ്ങള്‍ ഹൈക്കോടതി കടുപ്പിച്ചിരുന്നു. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്ന് കോടതി പറഞ്ഞു. ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മാനദണ്ഡത്തില്‍ ഇളവ് തേടി തൃപ്പൂണിത്തറ ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു