ഇടുക്കിയിൽ ബസിൽ കെെക്കുഞ്ഞിനൊപ്പം യാത്രചെയ്ത യുവതിയോട് ലെെംഗികാതിക്രമം കാട്ടിയ സംഭവത്തിൽ പൊലീസുകാരൻ പിടിയിൽ. യുവതിയുടെ പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് അജാസിനെ സസ്പെൻഡ് ചെയ്തത് ഉത്തരവിട്ടത്. യുവതിയോടെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രതിയെ പൊൻകുന്നം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പ്രതി സസ്പെൻഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് എത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് ബസ്സിനുള്ളിൽ വച്ച് അജാസ് മോൻ യുവതിയോട് അപ മര്യാദയായി പെരുമാറിയത്. ലൈംഗിക അതിക്രമം കാട്ടിയ പ്രതിയെ യുവതിയുടെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് അജാസിനെതിരെയുള്ള പരാതി. കോട്ടയത്തുനിന്നും മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസ്സിൽ വച്ച് ദുരനുഭവം ഉണ്ടായത്. യാത്രയിൽ യുവതിക്കൊപ്പം ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. ബസ് യാത്രയ്ക്കിടെ കുഞ്ഞു കരയുകയും തുടർന്ന് യുവതി ബസ്സിനുള്ളിൽ വച്ച് കുഞ്ഞിന് പാല് നൽകുകയുമായിരുന്നു. ഇതിനിടയിലാണ് അജാസ് മോൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. അജാസ് മോൻ്റെ ശല്യം രൂക്ഷമായതോടെ യുവതി പൊൻകുന്നത്തു വച്ച് ബസ്സിൽ നിന്നും ഇറങ്ങുകയായിരുന്നു. തുടർന്ന് യുവതി മറ്റൊരു ബസ്സിൽ കയറിയിരുന്നു.
യുവതി ബസ്സിൽ നിന്നും ഇറങ്ങി മറ്റൊരു ബസ്സിൽ കയറുന്നത് കണ്ട് അജാസ് മോനും സഞ്ചരിച്ച ബസ്സിൽ നിന്നും ഇറങ്ങുകയായിരുന്നു. ശേഷം യുവതി കയറിയ ബസ്സിൽത്തന്നെ കയറി സീറ്റ് പിടിച്ചു. ഇതിനെത്തുടർന്ന് യുവതി തൻ്റെ ഭർത്താവിനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. യുവതിയും അജാസ് മോനും കയറിയ ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ യുവതി അവിടെയിറങ്ങി. യുവതിക്ക് പിന്നാലെ അജാസ് മോനും കാഞ്ഞിരപ്പള്ളിയിൽ ബസ്സിറങ്ങുകയായിരുന്നു. ഇതിനിടെ ബസ്റ്റാൻഡിൽ യുവതിയെ കാത്തുനിന്ന് ഭർത്താവും ബന്ധുക്കളും അജാസ് മോനെ പിടികൂടുകയായിരുന്നു എന്നാണ് വിവരം.
യുവതിയുടെ ബന്ധുക്കൾ എത്തിയത് കണ്ട് അജാസ് മോൻ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ബന്ധുക്കൾ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അവർ അറിയിച്ചതനുസരിച്ച് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തുകയും അജാസ് മോനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതി പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിക്കെതിരെ പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതിന് തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രതിയെ സസ്പെൻഡ് ചെയ്ത് രംഗത്തെത്തിയത്.