തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ്‌കുമാറിനെതിരെ നടപടി കടുപ്പിച്ച് പോലീസ്; കളളക്കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ബിജെപി ജില്ലാനേതൃത്വം

Written by Taniniram

Published on:

തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. അനീഷിനെ പ്രതിരോധത്തിലാക്കാന്‍ സ്ഥിരം കുറ്റവാളി കേസാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ആറു മാസത്തിനുള്ളില്‍ ഇനി ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. ഇനി കേസില്‍ ഉള്‍പ്പെടില്ലെന്ന് കോടതിയില്‍ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നല്‍കുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാല്‍ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. എന്നാല്‍ പോലീസ് നടപടിയെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം .രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വമ്പിച്ച വിജയം കൈവരിച്ചതില്‍ സിപിഎം പകപോക്കലാണ് ജില്ലാ പ്രസിഡന്റിനെതിരായ നീക്കമെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. കള്ളക്കേസുകള്‍ ചുമത്തി ജയിലിലടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.
തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം എതിരാളികളെ അമ്പരപ്പിച്ചിരിക്കയാണ്. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത് അനീഷ് കുമാറാണ്. ചുവപ്പന്‍ കോട്ടകളും കോണ്‍ഗ്രസ് കോട്ടകളും ഒരുപോലെ തകര്‍ന്നടിഞ്ഞതിന്റെ നിരാശയിലാണ് രണ്ട് മുന്നണികളും. കള്ളക്കേസുകള്‍ കൊണ്ട് പ്രസ്ഥാനത്തിന്റെ മനോ വീര്യം തകര്‍ക്കാമെന്ന് കരുതരുത്. ഏത് വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ടെന്നും കള്ളക്കേസ് എടുത്ത് ജില്ലാ അദ്ധ്യക്ഷനെ ജയിലിലടക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാനേതൃത്വം അറിയിച്ചു.

See also  സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, 31 വരെ അപേക്ഷിക്കാം

Related News

Related News

Leave a Comment