ഇപി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് അവധിയിലേക്ക് പോകുന്ന തനിനിറം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പാപിയും ശിവനും പരാമര്‍ശം രാഷട്രീയ കേരളം തിരഞ്ഞെടുപ്പ് ദിവസം ചര്‍ച്ച ചെയ്യുന്നു
തിരുവനന്തപുരം: പാപിയുടെ കൂടെ കൂടി ശിവനും പാപിയായി….. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാന്‍ പോകുന്ന പൂരത്തിന്റെ സൂചന. പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വിശദീകരിച്ചു. ഇതോടെ സി.പി.എമ്മിന് അനഭിമതനായി ഇ.പി മാറിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇ.പിക്കെതിരെ പാര്‍ട്ടി നടപടിയും എടുത്തേക്കും. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങളെല്ലാം ഇ.പി സ്വയം ഒഴിയും. നേരത്തേയും ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ഇ.പി പാര്‍ട്ടിയില്‍ നിന്നും പിന്‍വാങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്നും അനുനയ ചര്‍ച്ചകളെ തുടര്‍ന്നും ഇ.പി ആ തീരുമാനത്തില്‍ നിന്നും പിന്മാറി. എന്നാല്‍ ഇത്തവണ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്. പിണറായിയുടെ പരസ്യ ശാസന ഇ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വയം ഇപി ഒഴിയും. ‘തനിനിറം ‘ തുറന്ന് വിട്ട വാര്‍ത്ത കൊടുങ്കാറ്റില്‍ ഉലയുകയാണ് രാഷ്ട്രീയ കേരളം.
ഏതായാലും പ്രകാശ് ജാവ്ദേക്കറിനെ ഇപി കണ്ടതും അതിന് ദല്ലാള്‍ നന്ദകുമാര്‍ സാക്ഷിയായതും വന്‍ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. ശോഭാ സുരേന്ദ്രനും നന്ദകുമാറും നടത്തിയ വെളിപ്പെടുത്തലിലെ കാതലായ കാര്യം ജയരാജനും സ്ഥിരീകരിക്കേണ്ടി വന്നു. ജയരാജന്റെ വീട്ടിലേക്ക് ജാവ്ദേക്കറും എത്തിയെന്നതാണ് സിപിഎമ്മിനെ പോലും ഞെട്ടിക്കുന്നത്. ജാവ്ദേക്കറിനെ പൊതുവേദികളില്‍ കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറയുന്നു. അതില്‍ തെറ്റില്ല. എന്നാല്‍ കള്ളന്മാര്‍ക്കൊപ്പം കാണുന്നതാണ് പ്രശ്നം. ഇതില്‍ ഇപിയ്ക്ക് ജാഗ്രതക്കുറവുണ്ടായി. ഇതിന്റെ ഫലം അനുഭവിച്ചേ തീരുവെന്നതാണ് മുഖ്യമന്ത്രിയുടെ പക്ഷം. കണ്ണൂരിലെ അതികായനായി സ്വയം പറഞ്ഞുവയ്ക്കുന്ന ഇപിയെ മൂലയിലേക്കൊതുക്കാന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ എംവി ഗോവിന്ദനും താല്‍പ്പര്യം ഏറെ. അതുകൊണ്ട് തന്നെ ഇപിയ്ക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പാണ്. ഈ നാണക്കേട് ഒഴിവാക്കാന്‍ ഇടതു കണ്‍വീനര്‍ സ്ഥാനം അടക്കം ഇപി ഒഴിയുമെന്നാണ് സൂചന.
പ്രകാശ് ജാവദേക്കറും ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ – ഇതായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പാര്‍ട്ടി നടപടികളുടെ സൂചന ഈ വാക്കുകളിലുണ്ട്. ഇത് ഇപിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.
ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കര്‍ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച് ജയരാജന്‍ എത്തിയത് സിപിഎമ്മിനെ പോലും ഞെട്ടിച്ചുവെന്നതാണ് വസ്തുത. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. താന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ‘തിരുവനന്തപുരത്തെ ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മുമ്പ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു. പക്ഷേ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല.’ -പ്രകാശ് ജാവദേക്കറെ കണ്ടതിനെ കുറിച്ച് ഇ.പി. ജയരാജന്‍ പറഞ്ഞത് ഇങ്ങനെയാണ്.
‘അദ്ദേഹമൊക്കെ പറഞ്ഞാല്‍ ഞാന്‍ മാറുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാന്‍ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജന്‍. ജനകീയനായ എല്‍.ഡി.എഫ്. പ്രവര്‍ത്തകനെന്ന നിലയില്‍ പലരും എന്നെ കാണാന്‍ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബി.ജെ.പി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍, തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും എന്നെ കാണാന്‍ വരും.’ -ഇ.പി. പറഞ്ഞു. ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഇ.പി. മറുപടി പറഞ്ഞു. ‘എന്റെ മകനും ശോഭ സുരേന്ദ്രനും തമ്മില്‍ ഒരു ബന്ധവുമില്ല. കൊച്ചിയിലെ ഒരു ഹോട്ടലില്‍ അവനൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് ശോഭ സുരേന്ദ്രന്‍ അവനോട് നമ്പര്‍ ചോദിച്ചു. ശോഭ സുരേന്ദ്രനും മോദിയും ചില ബി.ജെ.പി. നേതാക്കളുമുള്ള ഫോട്ടോകള്‍ അവര്‍ മകന്റെ ഫോണിലേക്ക് അയച്ചു. അവരുടെ മെസേജിനോടോ കോളിനോടോ അവന്‍ പ്രതികരിച്ചില്ല. ഇവരുടെ വഴിയൊന്നും ശരിയല്ലെന്ന് തോന്നിയ അവനത് ക്ലോസ് ചെയ്തു.’ -ഇതായിരുന്നു ഇപിയുടെ പ്രതികരണം.