കേരളത്തോടുള്ള കേന്ദ്ര അവഗണന: മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും

Written by Taniniram1

Published on:

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്റെ വികാരം ഒറ്റക്കെട്ടായി പ്രതിഫലിപ്പിക്കുന്നതിൽ ഇതുവരെ സാധിച്ചിരുന്നില്ല.

സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ഡൽഹിയിൽ സമരത്തിന് സി പി എം തീരുമാനിച്ചിട്ടുണ്ട്. ഇടതുമുന്നണി ചർച്ചക്ക് ശേഷം തീയതി തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎംനേതൃയോഗത്തിലെ ധാരണ.

സംസ്ഥാനത്തിൻ്റെ അവസാനപാദ കടമെടുപ്പ് പരിധി ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 5,600 കോടി രൂപയാണ് ഈയിനത്തിൽ വെട്ടിക്കുറച്ചത്. ഈ വർഷം കേരളത്തിന്റെ ആകെ കടമെടുപ്പ് അനുവാദം 45,689.61 കോടി രൂപയായിരുന്നു. ഇതിൽ 32,442 കോടി പൊതുവിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷത്തിന്റെ ആദ്യം മോദി സർക്കാർ സമ്മതിച്ചിരുന്നു.

14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്നാണ്. ഡിസംബർ വരെ പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിനും അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനാണ് സംസ്ഥാനം അനുമതിയാണ് തേടിയത്. എന്നാൽ അനുവദിച്ചതാകട്ടെ 1,838 കോടി രൂപ മാത്രവും. നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്തിന്റെ അവസാനപാദ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Leave a Comment