തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ, സ്മാർട്ട് സിറ്റിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചത് ഇരുചക്ര വാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് . ഇക്കഴിഞ്ഞ ദിവസമാണ് സെക്രട്ടിയേറ്റിന് മുന്നിലൂടെയുള്ള എ ജിസ് ഓഫീസിലേയ്ക്ക് പോകുന്ന വഴിയിൽ ജെ സി ബി യുടെ സഹായത്തോടെ ടാർ പൊളിച്ചത്.
ഇതിലെ വലിയ മെറ്റൽ കഷ്ണങ്ങളാണ് റോഡിൽ കൂമ്പാരമായി കിടക്കുന്നത്. അതെ സമയം ഇതുവഴി യാത്ര ചെയ്യുന്ന, നിരവധി ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അതിലെ യാത്രക്കാർക്ക് പരിക്ക് പറ്റിയതായി പേര് പുറത്തു പറയാൻ ഭയമുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി തന്റെ ഓഫീസിൽ നിന്നും നോക്കിയാൽ പോലും കാണാവുന്നതേ ഉള്ളൂ ഈ ശോചനീയാവസ്ത . റോഡ് പണിയുടെ ചുമതല വഹിക്കുന്ന PWD എൻജിനീയർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവം നിരവധി ജീവനുകൾ പൊലിയാനുള്ള സാധ്യത ഏറെയാണ് . ഒരു ദിവസം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ സെക്രട്ടറിയേറ്റിന് മുമ്പിലുള്ള ഈ റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.
നിരവധി അക്രമ സമരങ്ങൾ അരങ്ങേറുന്ന സെക്രട്ടറിയേറ്റിലെ സമര ഗേറ്റിന് മുന്നിലാണ് കല്ലുകളുടെ കൂമ്പാരം. ഇനിയുള്ള സമരങ്ങളിൽ കല്ലുകൾ തേടി ആർക്കും അലയേണ്ടി വരില്ല എന്ന് തന്നെ പറയാം.