ഇടുക്കി: ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. എഴുപത് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുങ്ങല്‍ ഇന്നും വിട്ടുമാറിയിട്ടില്ല. 2020 ആഗസ്ത് ആറിനാണ് ഉരുള്‍പൊട്ടലുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷവും തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷവും നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.
പതിവിന് വിപരീതമായി അന്ന് മഴ തിമിര്‍ത്ത് പെയ്തു. ഉരുള്‍പൊട്ടി. നാല് ലയങ്ങള്‍ തച്ചുടച്ച് മല വെള്ളം ആര്‍ത്തലച്ചെത്തി. രാത്രി പത്തരക്കുണ്ടായ ദുരന്തം പുറം ലോകമറിഞ്ഞത് പിറ്റേന്ന് പുലര്‍ച്ചെ. കേരളക്കരയൊന്നാകെ പെട്ടിമുടിയിലെത്തി. 19 ദിവസത്തെ തിരച്ചിലില്‍ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങള്‍. നാല് പേര്‍ ഇന്നും കാണാമറയത്താണ്.
കൂടെപ്പിറപ്പുകളായ പതിമൂന്ന് പേരെയാണ് കറുപ്പായിക്ക് നഷ്ടമായത്. ഓരോ വര്‍ഷവും പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ കറുപ്പായിയെത്തും. ഇനിയും തിരിച്ച് കിട്ടാത്തവര്‍ക്കായി പ്രാര്‍ത്ഥന നടത്തും. ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാര്‍ വാലിയില്‍ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പെട്ടിമുടിയില്‍ തന്നെ അന്ത്യ വിശ്രമം.