കണ്ണൂർ (Kannoor) : കണ്ണൂർ പന്നേൻപാറയിൽ ട്രെയിനിനടിയിൽ കിടന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട കുന്നാവ് സ്വദേശി പവിത്രന് റെയിൽവെ കോടതി (Railway Court) പിഴചുമത്തി. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആർപിഎഫ് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് റെയിൽവേക്കോടതി ആയിരം രൂപ പിഴ ചുമത്തുകയായിരുന്നു. റെയിൽവേ ആക്ട് 147 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയത്.
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ക്ലീനറാണ് പവിത്രൻ. തിങ്കളാഴ്ച വൈകിട്ടാണ് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡ്രം എക്സ്‌പ്രസ് പന്നേൻപാറയിലെ ട്രാക്കിൽ വച്ച് പവിത്രന് മുകളിലൂടെ കടന്നു പോയത്. റെയിൽപാളം വഴി വീട്ടിലേക്ക് ഫോണിൽ സംസാരിച്ച് നടന്നുവരവേ പവിത്രൻ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. ഉടൻതന്നെ പാളത്തിൽ കിടന്ന് പവിത്രൻ തന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.
ട്രെയിൻ കടന്നു പോകുന്നതുവരെ ട്രാക്കിൽ കമിഴ്ന്നു കിടക്കുകയും ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് നടന്നുപോകുകയും ചെയ്ത പവിത്രന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.