പത്തനംതിട്ട കൂടലിൽ വാഹനാപകടം നവദമ്പതികളടക്കം ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Written by Taniniram

Published on:

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. കാറിലുണ്ടായിരുന്ന പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, ബിജു പി ജോര്‍ജ്, നിഖില്‍ ഈപ്പന്‍ മത്തായി, അനു എന്നിവരാണ് മരണമടഞ്ഞത്. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. മലേഷ്യന്‍ നിന്നെത്തിയ മകളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പോലീസും കാര്‍ വെട്ടിപ്പൊളിച്ചാണ് ആള്‍ക്കാരെ പുറത്തെടുത്തത്. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. മൂന്നുപേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നുവെന്നും ജീവനുണ്ടായിരുന്ന അനുവിനെ ആദ്യം ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു.

തെലങ്കാനയിൽനിന്നുള്ള 19 ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു. ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. അനുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും  മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

See also  ആലുവയിൽ കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ കണ്ടെത്തി

Leave a Comment