വയനാട് ദുരന്തത്തിൽ നിന്നും വളർത്തുതത്ത കിങ്ങിണി രക്ഷിച്ചത് രണ്ടു കുടുംബങ്ങളെ…

Written by Web Desk1

Published on:

വയനാട് (Wayanad) : വയനാട് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപായി കിങ്ങിണി എന്ന വളർത്തുതത്ത നൽകിയ സൂചന രക്ഷപ്പെടുത്തിയത് രണ്ടു കുടുംബത്തിലെ ജീവനുകളെ. ദുരന്തം ഉണ്ടാകുന്നതിന് തലേദിവസം മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. ഇതോടെ കിങ്ങിണി എന്ന വളർത്തു തത്ത എന്നും ഇല്ലാത്ത തരത്തിൽ അസ്വസ്ഥതകളും ശബ്ദങ്ങളും ഉണ്ടാക്കാൻ തുടങ്ങി.

കൂട്ടിൽ ഉറുമ്പു വല്ലതും കയറിയതാകാം എന്ന് കരുതി യുവാവ് അടുത്ത് ചെന്ന് നോക്കുമ്പോൾ തത്ത തന്റെ ശരീരത്തിലെ പച്ചത്തൂവലെല്ലാം പൊഴിച്ചു നിൽക്കുന്നു. അന്ന് രാത്രിയിൽ പതിവില്ലാത്ത തരത്തിലുള്ള ബഹളങ്ങളാണ് തത്ത കാണിച്ചത്. ഇതോടെ എന്തോ പന്തികേട് തോന്നിയ യുവാവ് സുഹൃത്തിനെ വിവരം അറിയിച്ചു. ഉറക്കത്തിലായിരുന്നു സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനും ആവശ്യപ്പെട്ടു.

ആ നേരത്ത് പുറത്തുനിന്നും വല്ലാത്ത തരത്തിലുള്ള ശബ്ദം അനുഭവപ്പെട്ട ജിജി പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നത് വെള്ളം താഴേക്ക് ഇരച്ചെത്തുന്നതാണ്. ഇതോടെ എല്ലാവരോടും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു.തത്ത ആ ശബ്ദം ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ് ഫോൺ വിളിച്ചു കാര്യം അന്വേഷിക്കാൻ കഴിഞ്ഞത്.

ഇല്ലായിരുന്നെങ്കിൽ എല്ലാവരും ദുരന്തത്തിൽ പെട്ടേനെ. ഒരുപക്ഷേ ദുരന്തം മുന്നിൽ കണ്ട തത്ത തന്നെ തുറന്നു വിടാനാകും ഇത്തരത്തിൽ ബഹളം കാണിച്ചതെന്നും യുവാവ് പറയുന്നു. പ്രശാന്ത് എന്ന മറ്റൊരു സുഹൃത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത് ഇത്തരത്തിൽ വിളിച്ചറിയിച്ചിട്ടാണെന്നും യുവാവ് പറഞ്ഞു.

Leave a Comment