കൊച്ചി (Kochi) : കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കൾ ആറ് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു. (The parents sold the baby who was only six days old.) കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാനായി ശ്രമം നടത്തിയത്. പൊലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്ത് വന്നത്.
സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരിൽ കേസ് എടുത്തതായി കളമശ്ശേരി സിഐ പറഞ്ഞു.
കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ, കുഞ്ഞുങ്ങളില്ലാതിരുന്ന കടുങ്ങല്ലൂർ സ്വദേശിക്കാണ് കുട്ടിയെ കൊടുത്തത്. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിഷ കൊന്നുകളയുമെന്ന് മാതാപിതാക്കൾ കടുങ്ങല്ലൂർ സ്വദേശിയോട് പറഞ്ഞതായും പൊലീസ് പറയുന്നു.
അതേസമയം, കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകളൊന്നും നടന്നിട്ടില്ല. കഴിഞ്ഞ മാസം 26നാണ് ആലുവ സ്വദേശിയായ യുവതി കളമശ്ശേരി ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയാണ്. ഇതിനിടെ ജോൺ തോമസ് എന്ന വ്യക്തിയുമായി അടുപ്പത്തിലാവുന്നതും ഗർഭിണിയാകുന്നതും. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്.
പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും പങ്കാളിയും പിടിയിലാകുന്നത്.