വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പാലക്കാട് ഇന്ന് വിധിയെഴുതുന്നു, വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിൽ നീണ്ടനിര

Written by Taniniram

Published on:

പാലക്കാട്: സംസ്ഥാനത്ത് അടുത്തകാലത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വച്ച് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എല്‍.ഡി.എഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും. വ്യാജ വോട്ട് തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തില്‍ 7 പ്രശ്‌ന ബാധിത ബൂത്തുകളും 58 പ്രശ്‌ന സാധ്യത ബൂത്തുകളുമുണ്ട്.

229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെ വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിങ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ടാവും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്.

See also  നിമിഷ പ്രിയയുടെ മോചനം; മാപ്പപേക്ഷയുമായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

Related News

Related News

Leave a Comment