പാലക്കാട് (palakkad) : പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയാതെ ബിജെപി (BJP). അവസാന ഘട്ടത്തില്‍ പട്ടികയില്‍ നിന്ന് പുറത്തുപോയ ശോഭാ സുരേന്ദ്രനെ (Shoba Surendran) തന്നെ മണ്ഡലത്തില്‍ പരിഗണിക്കണമെന്നും സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത ശോഭാ സുരേന്ദ്രന്‍ (Shoba Surendran) തള്ളുന്നില്ല. താനിപ്പോഴും പരിഗണന പട്ടികയില്‍ ഉണ്ടെന്ന നിലപാട് തന്നെയാണ് ശോഭാ സുരേന്ദ്രന്‍ സ്വീകരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്ര (K Surendran) നെയും പരിഗണിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിലും പരിഗണന വിഷയങ്ങളിലും സി കൃഷ്ണകുമാറി (C Krishnakumar) ന് അതൃപ്തിയുണ്ട്. അതേ സമയം കൃഷ്ണകുമാറിനെ പരിഗണിക്കുന്നതില്‍ ബിജെപിക്കുള്ളിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സംസ്ഥാനത്ത് നിന്ന് ലഭിച്ച സര്‍വേ റിപ്പോര്‍ട്ട് പരിശോധിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. ഇതിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ബിജെപിയുടെ രീതി അനുസരിച്ച് ഡല്‍ഹിയില്‍ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ അവിടുത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് ദേശീയ നേതാക്കള്‍. അതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ വേഗം പ്രഖ്യാപിക്കണമെന്ന് പറയാനാകാത്ത നിലയിലാണ് സംസ്ഥാന നേതൃത്വം.