പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാൻ നാട്ടുകാരും കുടുംബക്കാരും നന്നേകഷ്ടപ്പെട്ടു. മരിച്ച റിദയുടെ മൃതദേഹത്തിനരികെ സുഹൃത്തുക്കൾ കൂട്ടത്തോടെ വിലപിച്ചതോടെ നാട്ടുകാർ ഇവരെ പിടിച്ചുമാറ്റി. റിദാ..റിദാ എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് കുട്ടികൾ അലമുറയിട്ടത്. ഇവരെ പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു. അതിനിടെ, മൃതദേഹത്തിനടുത്തെത്തിയ റിദയുടെ മാതാപിതാക്കൾ തളർന്നുവീണു. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം നടക്കുക.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.
അതേസമയം, അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പൊലീസിൻ്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്.