പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സ്കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ നിന്ന് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.
നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസും സ്ഥലത്തെത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂള്‍ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസിലേക്കാണ് ലോറി ഇടിച്ചുകയറിയത്.