പാലക്കാട് എൽഡിഎഫ് ജയിക്കാനാണ് സരിനെ സ്ഥാനാർത്ഥിയാക്കിയത്, സിപിഐഎം- ഇടത് വോട്ടുകൾ ചോരില്ല. സരിൻ ഇടതു മുന്നണിയിൽ എത്തുമെന്നു നേരത്തെ കണക്കു കൂട്ടിയിട്ടില്ലായെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡോ പി സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
”ഇന്ന് പാലക്കാട് പി സരിന്റെ വലിയ റാലി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇടതു മുന്നണിയെ ഇല്ലാതാക്കി എന്ന പ്രചരണത്തിനു മറുപടിയാണ് പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പ് രാഷ്ട്രീയം. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ ഷാഫി നേരത്തെ ധാരണയുണ്ടാക്കിയത് ഇപ്പോൾ സരിൻ തുറന്നു പറഞ്ഞു, കൂടെ കിടന്നവർക്കേ രാപനി അറിയാനാകൂ എന്നത് സരിനിലൂടെ വ്യക്തമായി. കോൺഗ്രസിൽ നിന്നും വലിയ വോട്ട് സരിനു കിട്ടാൻ നല്ല സാധ്യതയുണ്ട്.
പാളയത്തിൽ പടയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടാൻ പോകുന്നത്.വർഗീയ ശക്തികൾ എല്ലാം മഴവിൽ സഖ്യമായി മാറിയ സാഹചര്യമാണ് ഇപ്പോൾ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ കെ ഷൈലജ ടീച്ചറെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണ് ഈ ഉപതെരഞ്ഞെടുപ്പ് ” എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ ത്രിമുർത്തി ഭരണത്തിനു എതിരെ വലിയ പട വരാൻ പോകുകയാണ്. വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് സൂചനയാണ് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്. ലീഗ് നിലപാട് മാറ്റിയതാണ് ഇപ്പോൾ സിപിഐഎമ്മിനെ കൂടുതൽ വിമർശിക്കാൻ കാരണമെന്നും ലീഗിന്റെ രാഷ്ട്രീയ ദിശ ഇപ്പോൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും SDPI യുമാണ് അവരുടെ മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.