കൊച്ചി (Kochi) : സി.പി.ഐക്കെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എ പി.രാജുവിന്റെ കുടുംബം. (The family of former MLA P. Raju, who passed away yesterday, has made serious allegations against the CPI.) പാർട്ടി നടപടിയിൽ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരീ ഭർത്താവ് ഗോവിന്ദകുമാർ ആരോപിക്കുന്നു. രാജുവിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാകാനും ഇത്രപെട്ടെന്ന് മരിക്കാനും കാരണം പാർട്ടി നടപടിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘അദ്ദേഹത്തിന്റെ പേരിൽ വലിയ തുകയുടെ ആരോപണമാണ് ഉണ്ടായത്. പിന്നീട് അത്ര വലിയ തുകയൊന്നും ഇല്ലായെന്ന് ആരോ കണ്ടെത്തിയെന്ന് പറഞ്ഞു. പാർട്ടി നടപടി പിൻവലിച്ചെന്നും പറയുന്നുണ്ട്. ഇതെല്ലാം പറയുന്നതല്ലാതെ കുടുംബത്തിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. പാർട്ടിയിലേക്ക് തിരിച്ചെടുത്തെന്ന് മാദ്ധ്യമങ്ങളിൽ കണ്ടതല്ലാതെ കുടുംബത്തിന് ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നേരത്തേ രാജുവിനെ പാർട്ടി തരംതാഴ്ത്തിയിരുന്നു. നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എറണാകുളം ജില്ലാ നേതൃത്വം ഇടപെട്ടില്ലാ എന്നായിരുന്നു ആക്ഷേപം. രാജുവിന്റെ മൃതദേഹം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾ അതിനെ എതിർത്തു. ടൗൺ ഹാളിലും വീട്ടിലും മാത്രം പൊതുദർശനം മതിയെന്ന് പറയേണ്ടിവന്നു. രാജുവിനെതിരേ നടപടിവന്നത് ചിലർ കാരണമാണെന്ന സംശയമുണ്ട്. ഇവർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കരുത്. കുടുംബത്തിന്റെ പേരിൽ കരഞ്ഞുകൊണ്ട് അഭ്യർത്ഥിക്കുകയാണ്. നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുതെന്ന് കുടുംബം പറയുന്നു.