കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിനെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വക്കീല്‍ നോട്ടീസ്. മനു തോമസിന് മാത്രമല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനും റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രനെതിരെയും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിന്‍ പി രാജിന്റെ വക്കീല്‍ നോട്ടീസ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്ന പാര്‍ട്ടി രീതിക്കെതിരെ ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ജെയിന്‍ പി രാജിന്റെ നീക്കം.
മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങള്‍ നടത്തി. പി ജയരാജന്‍ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വക്കീല്‍ നോട്ടീസ്. അനാവശ്യമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കുകയും തന്റെ അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിന് തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനാലാണ് കേസ് ഫയല്‍ ചെയ്തതെന്നും ജയിന്‍ പറഞ്ഞു.