തിരുവനന്തപുരം (Thiruananthapuam) : വിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. (Opposition leader invited to Vizhinjam port inauguration after controversy) ഇന്നലത്തെ തീയതി രേഖപ്പെടുത്തിയ, തുറമുഖ മന്ത്രി വി എന്‍ വാസവന്റെ ക്ഷണക്കത്ത് അല്‍പം മുമ്പ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു. തന്റെ സ്വന്തം ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
പങ്കെടുക്കുന്നവരെ സംബന്ധിച്ച കാര്യങ്ങളിന്മേല്‍ ഇന്നലെയാണ് അന്തിമതീരുമാനമെടുത്തത്. ഇന്ന് പ്രതിപക്ഷ നേതാവിനുള്‍പ്പടെ കത്ത് നല്‍കി. ആരെയൊക്കെ അതില്‍ പങ്കെടുപ്പിക്കണമെന്ന തീരുമാനം കേന്ദ്രത്തിന്റേതാണ്. ഇന്ന് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതില്‍ സങ്കുചിതമായ ഒരു കാഴ്ചപ്പാടുമില്ല. ആരെയും മാറ്റി നിര്‍ത്തുന്ന പ്രശ്‌നമില്ല. സ്ഥലം എംഎല്‍എക്കും എംപിക്കും എല്ലാം ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട് – വി എന്‍ വാസവന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് വിവാദമായിരുന്നു. സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടിയെന്നും, പ്രതിപക്ഷം അത് ബഹിഷ്‌കരിക്കുന്നു എന്നുമായിരുന്നു സര്‍ക്കാരിന്റെ അനൗദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ വാദം തള്ളിയ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും തീരുമാനിച്ചു.