പാലക്കാട് (Palakkad) : ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിന് പിന്നാലെ കാണാനില്ലെന്ന പരാതി ഉയര്‍ന്ന വീട്ടമ്മ തിരിച്ചെത്തി. (A housewife who was reported missing after being a victim of online fraud has returned.) കടമ്പഴിപ്പുറം ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് പത്ത് ദിവസത്തോളം നീണ്ട ആശങ്കകള്‍ അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പ്രേമ തിരികെ വീട്ടില്‍ എത്തുകയായിരുന്നു. ഗുരുവായൂരില്‍ ആയിരുന്നു ഇത്രയും ദിവസം തങ്ങിയത് എന്നാണ് പ്രേമ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
സാമൂഹ്യമാധമം വഴി പരിചയപ്പെട്ട തട്ടിപ്പുകാരന്‍ 11 ലക്ഷം രൂപയാണ് പ്രേമയില്‍ നിന്നും തട്ടിയെടുത്തത്. 15 കോടി സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകാര്‍ പണം വാങ്ങിയത്. തട്ടിപ്പൂകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ബന്ധുമുഖേന തുക കൈമാറുകയും ചെയ്തു. എന്നാല്‍ ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രേമയ്ക്ക് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഇതോടെ മനോവിഷമത്തിലായ പ്രേമ സെപ്തംബര്‍ 13 ന് അര്‍ദ്ധരാത്രിയോടെ വീട് വിട്ടിറങ്ങുകയായിരുന്നു.
ഈ മാസം 13ന് അര്‍ധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ 11 ലക്ഷം രൂപ നല്‍കണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവര്‍ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാര്‍ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു.
പ്രേമയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നാടുവിടലിന് പിന്നില്‍ ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ഇതുപ്രകാരവും കേസെടുത്തു. ഇതിനിടെ പ്രേമ ഗുരുവായുരില്‍ എത്തിയെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേമയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.