ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളിലും മറ്റും പാചകം ചെയ്തതിന് ശേഷം വലിയ അളവിൽ എണ്ണ ബാക്കിയാകാറുണ്ട്. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ (Food Safety department ) നേതൃത്വത്തില്‍ നടത്തുന്ന റീ പര്‍പ്പസ് കുക്കിങ് ഓയില്‍ (R U C O ) പ്രോജക്ട് ശ്രദ്ധ നേടുകയാണ്. പ്രൊജക്ടിന് കീഴില്‍ ഹോട്ടലുകളില്‍നിന്നും മറ്റും പ്രതിമാസം പാചകം ചെയ്തതിന് ശേഷമുള്ള 50000 ലിറ്റര്‍ എണ്ണയാണ് ശേഖരിക്കപ്പെടുന്നത്.
ഈ എണ്ണ ഉപയോഗിച്ച് ജൈവ ഡീസല്‍, സോപ്പ് മുതലായവ നിര്‍മിക്കുന്നുണ്ട്. ഇത്തരത്തില്‍ ഹോട്ടലുകളില്‍നിന്നും ശേഖരിക്കപ്പെടുന്ന എണ്ണയ്ക്ക് ലിറ്ററിന് 40 മുതല്‍ 60 രൂപ വരെ നല്‍കുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ നൂതനമായ പ്രോജക്ട് വലിയ കൈയടിയാണ് നേടുന്നത്. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മറ്റ് ഭക്ഷ്യ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എണ്ണ ശേഖരിക്കുന്നത്. പദ്ധതിയില്‍ സംസ്ഥാനം വന്‍ വിജയം നേടിയതായി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘‘പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിൽ നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാൻ കേരളത്തില്‍ നാല് കമ്പനികളാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്, ഇതിൽ നിന്ന് സോപ്പ് നിര്‍മിക്കുന്ന ഒരു കമ്പനിയുമുണ്ട്’’, ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഓപ്പണ്‍ ഡൈജസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ഉപയോഗിച്ച എണ്ണയില്‍ മെഥനോള്‍ ചേര്‍ത്ത് ചൂടാക്കുന്നു. വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം ജൈവ ഡീസല്‍ ആയി മാറ്റുകയാണ് ചെയ്യുന്നത്. ലിറ്ററിന് 185 രൂപ നിരക്കിലാണ് ജൈവ ഡീസല്‍ വില്‍ക്കുന്നത്. കാസര്‍കോഡ്, കോഴിക്കോട്, തൃശ്ശൂര്‍, ഇരഞ്ഞാലക്കുട എന്നിവടങ്ങളിലാണ് ജൈവ ഡീസല്‍ നിര്‍മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.