കോഴിക്കോട്: കേരളം കാത്തിരുന്ന 25 കോടിയുടെ ഭാഗ്യവാനെ കിട്ടി. കര്‍ണ്ണാടക സ്വദേശി അല്‍ത്താഫിനാണ് ഒന്നാം സമ്മാനം. 15 കൊല്ലമായി കേരള ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നു. മെക്കാനിക്ക് ആണ്. എല്ലാ വര്‍ഷവും കേരള ഭാഗ്യക്കുറി എടുക്കും. ഇത്തവണ ഭാഗ്യദേവത തുണച്ചു. കര്‍ണ്ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. വാടക വീട്ടിലാണ് താമസം. മക്കളുടെ വിവാഹവും സ്വന്തമായൊരു വീടും സ്വപ്നം കാണുകയാണ് അല്‍ത്താഫ്.
കഴിഞ്ഞ ഓണം ബമ്പറും മലയാളിയ്ക്കായിരുന്നില്ല അടിച്ചത്. കോയമ്പത്തൂരില്‍ നിന്നും ടിക്കറ്റെടുത്ത തമിഴ്നാട്ടുകാരനായിരുന്നു ആ ഭാഗ്യം. ഇത്തവണ കര്‍ണ്ണാടകയിലേക്ക് വയനാട് വഴി പോവുകയാണ് ലോട്ടറി. അങ്ങനെ തുടര്‍ച്ചയായ രണ്ടാം തവണയും ഭാഗ്യം അതിര്‍ത്തി കടന്നു. ലോട്ടറി അടിച്ചത് അറിഞ്ഞ് അല്‍ത്താഫ് വല്ലാത്ത അവസ്ഥയിലാണ്. ലോട്ടറി വിറ്റ ഏജന്റിനോട് പോലും സംസാരിക്കാന്‍ കഴിയാത്ത പരിഭ്രമം. അല്‍ത്താഫിന് മലയാളം അറിയില്ല. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് മലയാളം അറിയാം. അവരിലൂടെയാണ് അല്‍ത്താഫ് കേരളത്തോട് മലയാളത്തില്‍ സംസാരിക്കുന്നത്.
ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് കിട്ടിയത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റര്‍ ഏജന്റ്. ഡബ്ല്യൂ402 ആയിരുന്നു് ഏജന്‍സി നമ്പര്‍. സമ്മാനാര്‍ഹന്‍ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചിരുന്നു. ഇരുപതിലേറെ വര്‍ഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിന്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.