തൃശൂർ (Thrissur) : ഒരു കദളിപ്പഴമെങ്കിലും ഗുരുവായൂരപ്പനെ കാണാനായി വരുമ്പോൾ കൈയിൽ കരുതാത്തവരായി ആരുമുണ്ടാകില്ല. (There is no one who does not carry at least a handful of kadalipapa when they come to see Guruvayurappan.) അതുമല്ലെങ്കിൽ ഒരു രൂപയെങ്കിലും ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരത്തിൽ സമർപ്പിക്കാതെ ആരും മടങ്ങാറുമില്ല. ഇത്തരത്തിൽ ഓരോ ദിവസവും ഗുരുവായൂരപ്പനു സമർപ്പിക്കപ്പെടുന്ന സാധനങ്ങളുടെ പട്ടിക അമ്പരപ്പിക്കുന്നതാണ്. കദളിപ്പഴം മുതൽ വലിയ വാഹനങ്ങൾ വരെ നീളുന്നു ആ പട്ടിക. പണവും സ്വർണം, വെള്ളിയും വേറെയും.
ഭക്തർക്ക് ഇഷ്ടമുള്ളതെന്തും ഇവിടെ സമർപ്പിക്കാം. ഭക്തനും ഗുരുവായൂരപ്പനും തമ്മിലുള്ള ആത്മബന്ധമാണിതെന്നു ഗുരുവായൂർ ക്ഷേത്രം ഡെപ്യൂട്ടി അഡ്മനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പറയുന്നു. പെൻസിൽ, പേന, വഹാനങ്ങളടക്കമുള്ള വിലയേറിയ വസ്തുക്കൾ, നെയ്യ്, വെണ്ണ, കദളിപ്പഴം തുടങ്ങിയ പലതും ഭക്തർ ഗുരുവായൂരപ്പനു സമർപ്പിക്കുന്നു. ക്ഷേത്രത്തിന് ഉപയോഗിക്കാൻ കഴിയുന്നതെല്ലാം സൂക്ഷിക്കുകയും ബാക്കിയുള്ളത് ലേലം ചെയ്യുകയും ചെയ്യുകയുമാണ് പതിവ്. ആരോഗ്യത്തിനായി ചേന, ആരോഗ്യത്തിനും സമൃദ്ധിക്കും കടുക്, മാതാപിതാക്കളുടെ ക്ഷേമത്തിനു തൊട്ടിൽ, മുടി വളർച്ചയ്ക്ക് ചൂൽ, കുട്ടികളുടെ ക്ഷേമത്തിനായി കുന്നിക്കുരു എന്നിവയെല്ലാം ഭക്തർ ഇഷ്ട വഴിപാടുകളായി സമർപ്പിക്കുന്നു. പ്രസാദ ഊട്ടിനായി വിളമ്പുന്ന ഭക്ഷണം തയ്യാറാക്കാൻ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നു. വഴിപാടായി നൽകുന്ന അരി ചാക്കുകൾ ദേവന് പായസം അല്ലെങ്കിൽ നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു- പ്രമോദ് കളരിക്കൽ വ്യക്തമാക്കി.
ഏകദേശം 50 വർഷം മുൻപ് ചെന്നൈയിൽ നിന്നുള്ള ബാലകൃഷ്ണൻ നെടുങ്ങാടി എന്ന ഭക്തൻ ക്ഷേത്രത്തിൽ ഒരു അപൂർവ വഴിപാട് സമർപ്പിച്ചു. ഒരു വീൽചെയർ. അദ്ദേഹത്തിനു തളർവാതം പിടിപെട്ടപ്പോൾ ഒരു ഡോക്ടറാണ് നാരായണീയം എഴുതിയ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ കഥ പോലെ ഗുരുവായൂരപ്പനെ ഭജിക്കാൻ നിർദ്ദേശിച്ചത്. ചെന്നൈയിലെ തന്റെ വീട്ടിൽ 24 മണിക്കൂർ തുടർച്ചയായി അദ്ദേഹം പ്രാർഥനകളുമായി മുഴുകി. അദ്ദേഹത്തിന്റെ പ്രാർഥനകൾക്ക് ഫലം ലഭിച്ചു. അദ്ദേഹം സുഖം പ്രാപിച്ചതായും പറയപ്പെടുന്നു. ദേവതയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹം ക്ഷേത്രത്തിൽ ഒരു വീൽചെയർ സമർപ്പിച്ചത്.
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു എത്താറുണ്ടായിരുന്നത് പ്രസിദ്ധമായിരുന്നു. അദ്ദേഹം വരുമ്പോഴെല്ലാം കദളിക്കുല വഴിപാടായി സമർപ്പിക്കാറുണ്ടായിരുന്നുവെന്നു മുൻ ക്ഷേത്രം മാനേജരായിരുന്ന പരമേശ്വര അയ്യർ ഓർക്കുന്നു. എല്ലാ മാസവും ആദ്യ ദിവസം അദ്ദേഹം ക്ഷേത്രം സന്ദർശിക്കുകയും ഒരു കദളിക്കുല സമർപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കോൺഗ്രസ് അനുയായികളും മറ്റ് രാഷ്ട്രീയക്കാരും പ്രമുഖരും ഇപ്പോൾ ഇത്തരത്തിൽ കദളിക്കുല വഴിപാടായി സമർപ്പിക്കുന്നുണ്ടെന്നും അയ്യർ വ്യക്തമാക്കി